ഗർത്തങ്ങൾ യാത്രക്കാർക്ക് ദുരിതമാകുന്നു
കൂരാച്ചുണ്ട്: കേളോത്തുവയൽ-പള്ളിക്കുന്ന്-ചക്കിട്ടപാറ റോഡിന്റെ ടാറിംഗ് തകർന്ന് രൂപപ്പെട്ട വെള്ളക്കെട്ടും ഗർത്തങ്ങളും യാത്രക്കാർക്ക് ദുരിതമാകുന്നു.
കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും ഇരുപഞ്ചായത്തുകളുടെ അധീനതയിലുള്ളതുമായ റോഡാണിത്. നിരവധി വാഹനങ്ങൾ അനുദിനം സഞ്ചരിക്കുന്ന റോഡിന്റെ കേളോത്തുവയൽ മുതൽ പള്ളിക്കുന്ന് വരെയുള്ള രണ്ടര കിലോമീറ്ററോളം ദൂരം വരുന്ന ഭാഗങ്ങളിൽ ടാറിംഗ് തകർന്ന് നിരവധി ഗർത്തങ്ങളാണുള്ളത്. മഴക്കാലമായതോടെ റോഡിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.
റോഡിന് ആവശ്യമായ ഓവുചാൽ, കലുങ്ക് എന്നിവയില്ലാത്തതും വെള്ളം കെട്ടി നിൽക്കാൻ കാരണമാകുന്നുണ്ട്. കുളത്തുവയലിൽ പ്രവർത്തിക്കുന്ന സ്കൂളിലേക്ക് പോകുന്ന നിരവധി വിദ്യാർഥികൾ യാത്രചെയ്യുന്നത് ഈ റോഡിലൂടെയാണ്. റോഡിന്റെ ദുരവസ്ഥ പരിഗണിച്ച് ഗതാഗത യോഗ്യമാക്കാൻ ഇരു പഞ്ചായത്തുകളും സത്വര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.